ദേശീയപാത 47-ല്‍ കന്യാകുമാരിയ്ക്ക് 5 കിലോമീറ്റര്‍ മുമ്പ് പൊത്തയടി എന്ന ഗ്രാമം. ഇവിടെയാണ് പ്രശസ്തമായ മരുത്വാമല. മരുന്ത് വാഴും മലൈ മലയാളത്തില്‍ മരുത്വാമല. ഇവിടെ ധാരാളം ഔഷധസസ്യങ്ങള്‍ കാണപ്പെടുന്നു.
ഈ ചിത്രത്തിലേത് ദേശീയപാതയില്‍ നിന്നുമുള്ള മരുത്വാമലയുടെ ദൃശ്യം. 900 ലേറെ അടി ഉയരമുണ്ട് ഈ മലയ്ക്ക്.

ലങ്കാപുരിയില്‍ വച്ച് നടന്ന യുദ്ധത്തില്‍ നാഗാസ്ത്രമേറ്റ് ബോധരഹിതരാകുന്ന രാമലക്ഷ്മണന്മാരുടെയും അനുയായികളുടെയും ജീവന്‍ രക്ഷിക്കാനായി ജാംബവാന്റെ നിര്‍ദ്ദേശപ്രകാരം നാലു സഞ്ജീവനികള്‍ (മൃതസഞ്ജീവനി, വിശല്യകരണി, സന്താനകരണി, സുവര്‍ണകരണി എന്നിവ) തേടി ഹനുമാന്‍ ഹിമാലയസാനുക്കളിലെ ഋഷഭാദ്രി മലയിലേയ്ക്ക് (സാജ്ഞീവകാദ്രി, ഉത്തരഖണ്ഡിലെ ചമോലിയിലെ ദ്രോണപര്‍വ്വതം, ) പോകുകയും, എന്നാല്‍ ഈ ഔഷധസസ്യങ്ങളുടെ പേര് ഓര്‍ക്കാന്‍ കഴിയാത്തതിനാല്‍ ഋഷഭാദ്രി മല അടര്‍ത്തിയെടുത്ത് കൈകളില്‍ താങ്ങി ലങ്കാപുരിയിലേയ്ക്ക് പറക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വഴുതി വീണ മലയുടെ ഒരു ഭാഗം ഇന്ന് മരുത്വാമല എന്ന് അറിയപ്പെടുന്നു.
ദേശീയപാതയുടെ ഒരു വശത്തായി വെള്ളത്താമരകള്‍ പൂവിടുന്ന വലിയൊരു കുളം. അതുനുമപ്പുറം ചെറിയ കുന്നുകള്‍.

ഒരു വശത്തായി വിശാലമായ കത്തരി (വയലറ്റ് നിറമുള്ള വഴുതിനങ്ങ) തോട്ടം.

ദേശീയപാതയുടെ അരികിലെ കൂടകള്‍ നെയ്ത് ഉണ്ടാക്കുന്നവരുടെ കുടിലിനടുത്ത് ഇടതു വശത്തെ ചെറിയ റോഡിലൂടെ കനാലിനു കുറുകെ നടന്ന് മറുകരയിലേയ്ക്ക്. ഇപ്പോള്‍ മരുത്വാമലയെ ചുറ്റി പോകുന്ന റോഡിലാണ് നാം. പൌര്‍ണ്ണമി നാളുകളില്‍ ഇവിടെ ഗിരിവലം എന്ന ഒരു ചടങ്ങ് ഉണ്ട്. അതായത് ഈ മലയെ പ്രദക്ഷിണം വയ്ക്കല്‍. അത് ഈ റോഡിലൂടെയാണ്.
വലതു വശത്തായി കൊയ്ത്ത് കഴിഞ്ഞ പാടം.

ഇത് വനം വകുപ്പിന്റെ വക ഒരു അറിയിപ്പ്.

ഇടതു വശത്തായി കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ക്കുമപ്പുറം വേറൊരു മല.

അങ്ങനെ മരുത്വാമലയിലെ ചെറിയ തെരുവിന്റെ അങ്ങേ അറ്റത്തെ ആദ്യത്തെ ആശ്രമം ആയി.

ഇനി ഈ പടികളിലൂടെ പതിയെ മുകളിലേയ്ക്ക്.

അപ്പോള്‍ വലതു വശത്തായി ആദ്യം കാണുന്ന ഹനുമാന്‍ ക്ഷേത്രം.

ഇടത് വശത്തായി നാഗപ്രതിഷ്ഠ.

അല്പം മുകളിലായി ശിവശക്തി ആലയം.

വഴിയോരത്ത് മുനിമാര്‍ തപസ്സ് ചെയ്യുന്ന ഒരു ഗുഹ.

ഇനി ഉടമുള്ളുകള്‍ക്കിടയിലെ ഈ വഴിയിലൂടെ.

ഇനി കുത്തനെയുള്ള ഈ പടികള്‍ കയറണം.

പടികള്‍ കയറി എത്തുന്നത് ഈ ശിവക്ഷേത്രത്തില്‍. ഈ ക്ഷേത്രം ഗുഹയ്ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്നു.

ശിവക്ഷേത്രത്തിന് പിന്നിലെ വഴിയിലൂടെ അടുത്ത ആശ്രമം.

ഇത് ഹനുമാന്‍ ക്ഷേത്രം. പടികള്‍ ഇവിടെ അവസാനിക്കുന്നു.

അവിടെ നിന്നും താഴേയ്ക്ക് നോക്കിയപ്പോള്‍. പാടങ്ങള്‍ക്കുമപ്പുറത്തു കൂടി ഹോണ്‍ മുഴക്കി തീവണ്ടി പാഞ്ഞു പോകുന്നു.

ഇനി മുന്നിലെ ഈ ചെറിയ നീരാഴിയുടെ അടുത്ത് നിന്നും മൂന്ന് വഴികള്‍ ഉണ്ട്. മലമുകളിലേയ്ക്ക്.

ഞങ്ങള്‍ (ശിവ, അരുണ്‍, ആനന്ദ്, അനീഷ്, രാജ് മോന്‍, ശങ്കരന്‍ കുട്ടി) നടന്നത് ഈ വഴിയിലൂടെ.

അപ്പോള്‍ പാറയിടുക്കിലായി വേറൊരു ആശ്രമം. ഒരോ കുഞ്ഞു വഴികളും മുനിമാര്‍ തപസ്സ് ചെയ്യുന്ന ഓരോ ഗുഹകളിലാണ് അവസാനിക്കുന്നത്.

ഇനി കീഴ്ക്കാം തൂക്കായ ഈ മലയിടുക്കിലൂടെ നടന്ന് (സോറി, ഇഴഞ്ഞ്, വലിഞ്ഞ് കയറി) മുകളിലേയ്ക്ക്. എല്ലാവരുടെയും മുതുകില്‍ ബാഗ് ഉണ്ട്. അതിനകത്ത് ഓരോന്നിലും നാലും അഞ്ചും കുപ്പി മിനറല്‍ വാട്ടര്‍. പച്ചക്കറികള്‍, പാത്രങ്ങള്‍, അങ്ങനെ കുറെ സാധനങ്ങള്‍. ഇതെല്ലാം ചുമന്ന് വേണം നടക്കാന്‍.

ഹോ! ഇനിയും മുകളിലേയ്ക്ക്. ഒരോ ചുവട് കയറുമ്പോഴും ബാഗ് പിന്നിലേയ്ക്ക് വലിക്കും. ഇടയ്ക്ക് ബാലന്‍സ് തെറ്റി ഒരു വശത്തേയ്ക്ക് ചരിഞ്ഞ് വീഴും. അടുത്തയാള്‍ സഹായിക്കാല്‍ പോകും. അയാളും വീഴും. പിന്നെ പരിഭവം, പിണക്കം, വഴക്ക് പറയല്‍, അത് അങ്ങനെ പോകും.

ദേ! പിന്നെയും മുകളിലേയ്ക്ക്. ഹോ!

ഒരു വശത്തെ മിനുസമുള്ള പാറക്കെട്ടുകള്‍. അതിന്റെ ഒരു വശത്ത് കൂടി നടന്ന് കയറണം എന്ന് പിന്നെയാ മനസ്സിലായത്.

എതു ഭംഗിയാ ഇവയ്ക്ക്.

ഇനി നിരപ്പായ ഈ വഴിയിലൂടെ അല്പദൂരം.

ഇപ്പോള്‍ ദൂരെ താഴെ വയലേലകള്‍ക്കും അപ്പുറത്ത് അറബിക്കടലിന്റെ തീരത്തായി മണക്കുടിയിലെ ഉപ്പളങ്ങള്‍ കാണാം.

ഇനിയും പാറക്കൂട്ടങ്ങളില്‍ ചവിട്ടി.

അവിടെ നിന്നും ദൂരെ താഴെ വയലേലകള്‍ക്കും അപ്പുറത്ത് ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ തീരത്ത് കന്യാകുമാരിയുടെ ദൃശ്യം. ഇവിടെ ഈ മരച്ചുവട്ടില്‍ അല്പം ഇരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആകെ വിയര്‍ത്തു. വല്ലാത്ത ദാഹം. തുണികളൊക്കെ ആകെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഹൃദയമിടിപ്പിന്റെ ശബ്ദം ഉറക്കെ കേള്‍ക്കാം. ശ്വാസം എടുക്കാന്‍ തന്നെ കഷ്ടം തോന്നി. വീണ്ടും നടന്ന് തുടങ്ങി. സമയം വൈകുന്നു. ഇരുട്ട് വീഴുന്നതിന് മുമ്പ് മുകളില്‍ എത്തണം.

അങ്ങനെ പാറകള്‍ കൊണ്ടുള്ള ഒരു കവാടം എത്തി. ആശ്വാസം ആയി എല്ലാവര്‍ക്കും. അങ്ങനെ ഞങ്ങള്‍ മുകളില്‍ എത്തി എന്ന് കരുതി. ഹോ! ഇല്ല. അഞ്ച് നെടുവീര്‍പ്പുകള്‍.

ചെമ്മണ്‍പാത പിന്നെയും അടുത്ത മലയിലേയ്ക്ക് അങ്ങനെ നീണ്ടു പോകുന്നു.

പിന്നെ ഒരു ഇറക്കം.

ഇപ്പോള്‍ കുറച്ച് മുകളിലായി ഒരു കൊടി നാട്ടിയിരിക്കുന്നത് കാണാം. ദേ! എത്തിപ്പോയ്.

അങ്ങനെ ഞങ്ങള്‍ മരുത്വാമലയിലെ എറ്റവും ഉയര്‍ന്ന ഭാഗത്ത് എത്തി. ഇത് മലമുകളിലെ ഹനുമാന്റെ അമ്പലം.

അറബിക്കടലിന്റെ തീരത്തായി സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുകയായിരുന്നു.

പതിയെ പതിയെ അത് താഴാന്‍ തുടങ്ങി.

ഇവിടെ നിന്നും കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ, തിരുവള്ളുവര്‍ പ്രതിമ എന്നിമ വ്യക്തമായി കാണാം.

കിഴക്ക് ഭാഗത്തായി താഴ്വര നിറയെ കാറ്റാടിയന്ത്രങ്ങള്‍.

ഇവിടെ ഒരു ഗുഹയുണ്ടെന്ന് കേട്ട അറിവ് ഉണ്ട്. ഇനി രാത്രി തങ്ങാന്‍ അത് കണ്ടു പിടിച്ചേ മതിയാകൂ. ഒടുവില്‍ ഞങ്ങള്‍ അത് കണ്ടെത്തി. അസ്തമയ സൂര്യന്റെ ഇളം മഞ്ഞ പ്രകാശം അവിടേയ്ക്ക് വീഴുന്നുണ്ടായിരുന്നു. ആ പാറയിടുക്കിലൂടെ കഷ്ടപ്പെട്ട് ഉള്ളിലേയ്ക്ക്.

ഇവിടെ നിന്നും പതിയെ ഇഴഞ്ഞ് ഇറങ്ങണം. വല്ലാതെ ഇടുങ്ങിയ വഴി.

ഇവിടെ എത്തുമ്പോള്‍ ആകെയുള്ള ധൈര്യവും നഷ്ടമാകും. അത്രയ്ക്ക് കഷ്ടിച്ച് ഒരാള്‍ക്ക് ഇരുന്ന് ഇഴഞ്ഞ് മാത്രം പോകാം അതിലേ.

ഇവിടെ നിന്നും മുകളിലേയ്ക്ക് നോക്കിയപ്പോള്‍.

ഇവിടെയെത്തുമ്പോള്‍ അതിലും കഷ്ടം.

പിന്നെ ഒരു ചാട്ടം താഴേയ്ക്ക്. അവിടെ ഒരു ചെറിയ മുറി ആരോ പണികഴിപ്പിച്ചിരിക്കുന്നു.

മുറിയുടെ അരികിലെ പാറയില്‍ കൊത്തിയ ചിത്രം.

ആ മുറിയൊക്കെ അടിച്ച് വൃത്തിയാക്കി ബാഗും പാത്രങ്ങളും ഒക്കെ അതിനകത്ത് വച്ചു. പിന്നെ അല്പസമയം അവിടെ തറയില്‍ ഇരുന്നു. തണുത്ത കാറ്റില്‍ എല്ലാവരും ഉറങ്ങിപ്പോയി. പിന്നീട് എപ്പോഴോ ഞാന്‍ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ സമയം രാത്രി ആകുക ആയിരുന്നു. എല്ലാവരെയും ഉണര്‍ത്തി. ഞങ്ങള്‍ ആ മുറിയില്‍ ഒരു മെഴുകുതിരി കത്തിച്ചു. അരണ്ട വെളിച്ചം.

ഹനുമാന് വിളക്ക് കത്തിയ്ക്കണം എന്ന് തോന്നി. പിന്നെയും പാറക്കെട്ടുകളിലൂടെ വലിഞ്ഞു കയറി. മുകളില്‍ എത്തിയപ്പോള്‍ വീശിയടിച്ച് പോകുന്ന തണുത്ത കാറ്റ്. അപ്പോള്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗത്ത് ചന്ദ്ര ബിംബം ഉയര്‍ന്നു വന്നിട്ടുണ്ടായിരുന്നു.

ഇത് അറബിക്കടലിന്റെ ഭാഗം. ദൂരെയായി കുളച്ചലിലെ ലൈറ്റ് ഹൌസ് കാണാം.

അങ്ങനെ ഒരിക്കല്‍ കൂടി ഹനുമാന്റെ മുന്നിലെത്തി ദീപം തെളിയിച്ചു. അതിനു ശേഷം അതിനു മുന്നിലെ പാറക്കൂട്ടങ്ങളില്‍ നടന്നു കയറി. ഇവിടെ ആകാശം നോക്കി ഇരിക്കാന്‍ എന്തു രസമാണെന്നോ.

തിരികെ ആ പാറയിടുക്കകളിലൂടെ ഇഴഞ്ഞ് ഇറങ്ങി മുറിയിലേയ്ക്ക്. അവിടെ രാജ് മോന്‍ അപ്പോള്‍ പച്ചക്കറി കഷണങ്ങള്‍ ആക്കാന്‍ തുടങ്ങിയിരുന്നു. ഞാനും അരുണും ശങ്കരന്‍ കുട്ടിയും പിന്നെയും പാറമുകളിലേയ്ക്ക് വലിഞ്ഞു കയറി വിറക് പെറുക്കാന്‍. രാത്രി മരത്തില്‍ നിന്നും വിറക് ഒടിച്ചെടുക്കാന്‍ തന്നെ നല്ല രസം.

അനീഷ് പാറക്കഷ്ണങ്ങള്‍ കൂടി അടുപ്പ് ഉണ്ടാക്കി. അങ്ങനെ ആദ്യം ചായ. അതിനൊപ്പം വട, അച്ചപ്പം, ചിപ്സ്, പിന്നെയും എതൊക്കെയോ. ഇതൊക്കെ അരുണ്‍ സംഘടിപ്പിച്ചതാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു ഒത്തുചേരല്‍.
ചായയ്ക്ക് ശേഷം മരച്ചീനി തോല്‍ കളഞ്ഞ കഷണങ്ങളാക്കി അടുപ്പിലേയ്ക്ക്. വെജിറ്റബിള്‍ കറി ഉണ്ടാക്കിയത് വെജിറ്റബിള്‍ പായസം ആയി മാറി.

ഇനിയെന്താ എന്ന് ആലോചിക്കുമ്പോള്‍ ശങ്കരന്‍ കുട്ടി ചെറിയ ഉള്ളികള്‍ കഷണങ്ങളാക്കി മുളകുപൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത് ചതച്ച് രസകരമായ പുതിയ ഒരു കറി ഉണ്ടാക്കി. എന്തു രുചിയാ അതിന്. അങ്ങനെ അത്താഴം. എനിക്ക് ഇത്രേം മതി.

പിന്നെയും പാറയിടുക്കില്‍ പുതിയ വഴി കണ്ടു പിടിക്കനുള്ള ശ്രമത്തില്‍ ഞങ്ങളുടെ മുറിയുടെ കുറച്ച് മുകളില്‍ നിന്നും മന്ത്രോച്ചാരണം കേട്ട് അവിടേയ്ക്ക് പോയി. അവിടെ പാറയുടെ അടിയിലായി ഒരു മുറിയില്‍ തപസ്സ് ചെയ്യുന്ന ഒരാള്‍.

ഒടുവില്‍ എല്ലാവരും ഉറങ്ങാന്‍ കിടന്നു. മലമുകളില്‍ നിന്നുള്ള പ്രഭാതവും സ്വപ്നം കണ്ട്.
രാവിലെ അനീഷ് ഉണര്‍ന്ന് എല്ലാവരെയും ഉണര്‍ത്തി. പുറത്ത് പ്രഭാതം പതിയെ വിടരുന്നുണ്ടായിരുന്നു. വീണ്ടും പാറയിടുക്കിലൂടെ വലിഞ്ഞു കയറി മുകളിലേയ്ക്ക്.

മുന്നിലെ ചെറിയൊരു മലയുടെ അപ്പുരത്തായി അകലെ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തായി ഉദിച്ചുയരാന്‍ കാത്ത് സൂര്യന്‍.

പിന്നെ പതിയെ ഉയര്‍ന്ന് ഉയര്‍ന്ന്.

എതു ഭംഗിയാ ഇതു കാണാന്‍.

ഇപ്പോള്‍ സോ നൈസ്.

പ്രഭാതത്തിലെ ആദ്യരശ്മികള്‍ ഹനുമാന്റെ പ്രതിഷ്ഠയില്‍ വീഴുന്നുണ്ടായിരുന്നു.

ഇത് അടുത്ത പാറയില്‍ കൊത്തി വച്ചിരിക്കുന്ന ഒരു ഹനുമാന്‍.

മലഞ്ചരിവിലേയ്ക്ക് പതിയെ വെളിച്ചം വീഴാന്‍ തുടങ്ങി.

മലയുടെ അപ്പുറത്ത് അപ്പോള്‍ നിഴല്‍ ആയിരുന്നു. ആ ചരിവിലൂടെ അല്പദൂരം മുന്നോട്ട് പോയി. താഴെ കീഴ്ക്കാം തൂക്കായ കൊക്ക. കാറ്റ് വല്ലാതെ വീശുന്നു. എന്നാലും പതിയെ നടന്ന് അപ്പുറത്തെത്തി.

അകലെ മലനിരകള്‍. പിന്നെ ഒരിക്കല്‍ കൂടി തിരികെ പാറയിടുക്കിലൂടെ ഇഴഞ്ഞിറങ്ങി മുറിയിലേയ്ക്ക്.